Saturday, January 24, 2015

കാന്താരി

മലയാളിയുടെ ജീവിതത്തില്‍ ഒഴിവാക്കാനാത്തതാണ് കാന്താരി മുളക്. മലയാളികളുടെ ഇഷ്ട ഭക്ഷണമായ കപ്പയുടെ പ്രയപ്പെട്ട കൂട്ടുകാരിയാണ് കാന്താരി. വെന്ത് മലര്‍ന്ന കപ്പയ്‌ക്കൊപ്പം

കാപ്‌സിക്കം ഫ്രൂട്ടന്‍സ് എന്ന ശാസ്ത്ര നാമത്തില്‍ അറിയപ്പെടുന്ന കാന്താരി മുളക് ദീര്‍ഘിച്ച വിളവ് കാലമുള്ളതും കൂടുതല്‍ കായ്ഫലം നല്‍കുന്നതുമാണ്. ചീനി മുളക് എന്നും ഇത് അറിയപ്പെടുന്നു. കാന്താരി മുളക് ചെടിയില്‍ നിന്ന് മുകളിലേക്ക് കുത്തനെയാണ് സാധാരണ ഉണ്ടാകുന്നത്. ഒന്നര സെന്റീ മീറ്റര്‍ മുതല്‍ മൂന്നു സെന്റീ മീറ്റര്‍ വരെ നീളമുള്ള വ്യത്യസ്ത തരം കാന്താരി മുളകുകളുണ്ട്. തെക്കു കിഴക്കന്‍ ഏഷ്യയിലാണ് കാന്താരി മുളക് കൂടുതല്‍ കണ്ടു വരുന്നത്. ഇന്ത്യയില്‍ കേരളത്തിലാണ് ഇതിന്റെ ഉപയോഗം കൂടുതല്‍.
വെള്ളക്കാന്താരി, പച്ചക്കാന്താരി, നീലക്കാന്താരി, ഉണ്ടക്കാന്താരി എന്നിങ്ങനെ പല തരത്തിലുള്ള കാന്താരി മുളകുകളുണ്ട്. ചെറുകാന്താരിക്ക് എരിവ് കൂടുതലും വെള്ളക്കാന്താരിക്ക് എരിവ് അല്‍പ്പം കുറവുമാണ്. കറികളില്‍ ഉപയോഗിക്കുന്നതിന് പുറമെ അച്ചാറിട്ടും ഉണക്കിയും കാന്താരി മുളക് സൂക്ഷിക്കാറാണ്ട്.

പണ്ട് നാട്ടിന്‍ പുറങ്ങളില്‍ തനിയെ വളര്‍ന്നിരുന്ന കാന്താരി ഇന്ന് പലരും നട്ടു വളര്‍ത്തുകയാണ്. നഗരപ്രദേശങ്ങളില്‍പ്പോലും വളരെ എളുപ്പത്തില്‍ നട്ടുപിടിപ്പിക്കാവുന്നതാണ് കാന്താരിച്ചെടി. എല്ലാ കാലാവസ്ഥയിലും കാന്താരി വളരും. നല്ല വെയിലിലും തണലിലും ഉഷ്ണകാലത്തും കൊടും തണുപ്പിലും വളരാനും കായ്ക്കാനും കാന്താരിക്ക് സാധിക്കും.


മൂത്ത് പഴുത്ത് പാകമായ മുളക് പറിച്ചെടുത്ത് ഉണക്കിയ ശേഷം വിത്തുകള്‍ പാകി തൈകള്‍ മുളപ്പിക്കണം. പിന്നീട് അനുയോജ്യമായ സ്ഥലത്തേക്ക് പറിച്ചു നടാം. അടിവളമായി ചാണകപ്പൊടിയോ കമ്പോസ്‌റ്റോ നല്‍കാം.വേനല്‍ക്കാലത്ത് നനച്ചു കൊടുത്താല്‍ കൂടുതല്‍ കായ്ഫലം ലഭിക്കും. പൂത്തുതുടങ്ങിയാല്‍ എന്നും കാന്താരി ചെടികളില്‍ നിന്ന് കായ്കള്‍ ലഭിക്കും. നാലു മുതല്‍ അഞ്ച് വര്‍ഷം വരെ ഒരു ചെടി നിലനില്‍ക്കും. കൃഷിയായി ചെയ്യാനാഗ്രഹിക്കുന്നവര്‍ക്ക് ഇത് ഇടവിളയായും കൃഷി ചെയ്യാം. കൃഷി നടത്തുമ്പോള്‍ രണ്ട് വര്‍ഷം കൂടുമ്പോള്‍ പിഴുത് മാറ്റി പുതിയ തൈകള്‍ പിടിപ്പിക്കണം. കാന്താരിയില്‍ കാര്യമായ കീടബാധ ഉണ്ടാകാറില്ല. എങ്കിലും മൂടുചീയല്‍ രോഗം കണ്ടാല്‍ ഒരു ശതമാനം വീര്യമുള്ള ബോര്‍ഡോ മിശ്രിതം ഉപയോഗിക്കാം. വേനല്‍ക്കാലങ്ങളില്‍ പുതയിടല്‍ നടത്തുന്നതും നനച്ചു കൊടുക്കുന്നതും നല്ലതാണ്.

കാന്താരിയെ സാധാരണ കീടങ്ങള്‍ ആക്രമിക്കാറില്ല. കാന്താരി തന്നെ നല്ല ഒരു കീടനാശിനിയാണ്. ഒരു ലിറ്റര്‍ ഗോമൂത്രം 10 ലിറ്റര്‍ വെള്ളത്തില്‍ നേര്‍പ്പിച്ച് 10 ഗ്രാം അരച്ച കാന്താരിയോടൊപ്പം 10 ഗ്രാം പാല്‍ക്കായവും ചേര്‍ത്ത് ലയിപ്പിച്ച ദ്രാവകം പച്ചക്കറികളിലെ കീടങ്ങള്‍ക്കെതിരെ പ്രയോഗിക്കാവുന്ന കീടനാശിനിയാണ്.

വീട്ടു പറമ്പുകളില്‍ നിന്ന് കാന്താരി അപ്രത്യക്ഷമായതോടെ വിപണിയില്‍ ഇതിന് ആവശ്യ്യം കൂടിയിരിക്കുകയാണ്. കിലോയ്ക്ക് ഏതാണ്ട് 250 രൂപയാണ് ഇപ്പോള്‍ കാന്താരി മുളകിന്റെ വില. ഒരു കാലത്ത് കാന്താരി മുളക് ചെടി ഇല്ലാത്ത വീടുകള്‍ വിരളമായിരുന്നു. പക്ഷികള്‍ മുഖാന്തിരം വിതരണം നടത്തുന്ന കാന്താരി ചെടികള്‍ക്ക് ഭീഷണിയായത് റബ്ബര്‍ കൃഷിയും മെഷീന്‍ ഉപയോഗിച്ചുള്ള കാടു തെളിക്കലുമാണ്. ഇപ്പോള്‍ വയനാട്ടില്‍ നിന്നും ആദിവാസി കേന്ദ്രങ്ങളില്‍ നിന്നുമാണ് കാന്താരി മുളക് വിപണിയില്‍ എത്തുന്നത്. ജീവകം സിയുടെ ഉറവിടമാണ് മുളക്. കാപ്‌സയിസിന്‍ എന്ന രാസവസ്തുവാണ് മുളകിലെ എരിവിന് കാരണം. കാപ്‌സിക്കം ജനുസ്സിലും സൊളനേസിയ കുടുംബത്തിലുമാണ് മുളക് .
കാന്താരിച്ചമ്മന്തി ചേര്‍ന്നാലുള്ള രുചി മലയാളികളുടെ നാവില്‍ ഇപ്പോഴും പറ്റിക്കിടക്കുന്നുണ്ടാവും. ഔഷധ സസ്യം എന്ന നിലയില്‍ കാന്താരിയെ എവിടേയും പരാമര്‍ശിച്ചിട്ടില്ലെങ്കിലും നാടന്‍ ചികിത്സയില്‍ കാന്താരിയുണ്ട്. വയറ്റിലെ പുണ്ണ്, കൊളസ്‌ട്രോള്‍, രക്തസമ്മര്‍ദ്ദം, ദഹനക്കേട് എന്നിവയ്‌ക്കെല്ലാം കാന്താരി പലരും ഔഷധമായി ഉപയോഗിക്കുന്നു. പ്രസവത്തിന് ശേഷം കാന്താരി അരച്ച് കുടിക്കുന്ന ചികിത്സയും പണ്ട് ചിലയിടങ്ങളില്‍ നില നിന്നിരുന്നു.

മുരിങ്ങ

ഇലക്കറികള്‍ എന്നു കേള്‍ക്കുമ്പോള്‍ ആദ്യം മനസ്സിലെത്തുക മുരിങ്ങയില തോരന്‍ ആയിരിക്കും. മുന്‍പ് മിക്ക വീടുകളിലും കണ്ടിരുന്ന ഒരു ഇടത്തരം വൃക്ഷമാണ് മുരിങ്ങ. കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ കഴിവുള്ള .മുരിങ്ങയുടെ ഇലകള്‍ ജലാംശം, പ്രോട്ടീന്‍, കൊഴുപ്പ്, അന്നജം, നാരുകള്‍, കാല്‍സ്യം, ഫോസ്ഫറസ്, അയഡിന്‍, ഇരുമ്പ്, ചെമ്പ്, കരോട്ടിന്‍, അസ്‌കോര്‍ബിക് അമ്ലം, നിക്കോട്ടിനിക് അമ്ലം തുടങ്ങിയ രാസഘടകങ്ങളാല്‍ സമൃദ്ധമാണ്. മാത്രമല്ല മുരിങ്ങയില കണ്ണിനു നല്ലതാണ്. വേദനാ ശമനവും കൃമിഹരവും കൂടിയാണ്.

ഇതിന്റെ പൂക്കളില്‍ ധാരാളമായി പൊട്ടാസ്യവും കാല്‍സ്യവും അടങ്ങിയിട്ടുണ്ട്. പുഷ്പങ്ങള്‍ ബലത്തെ പ്രദാനം ചെയ്യുന്നതും മൂത്രവര്‍ധകവുമാകുന്നു.

അനവധി അമിനാമ്ലങ്ങള്‍, വിറ്റാമിന്‍ എ, സി, കാല്‍സ്യം, ഫോസ്ഫറസ്, അയഡിന്‍, ചെമ്പ്, ഇരുമ്പ്, പ്രോട്ടീന്‍, ജലാംശം, അന്നജം, കൊഴുപ്പ് എന്നീ ഘടകങ്ങള്‍കൊണ്ട് നിറഞ്ഞതാണ് മുരിങ്ങക്കായ.
മുരിങ്ങയുടെ വേരില്‍നിന്നും  തൊലിയില്‍നിന്നും അണുനാശക ശക്തിയുള്ള ചില ആല്‍ക്കലോയിഡുകള്‍ വേര്‍തിരിക്കപ്പെട്ടിട്ടുണ്ട്. മുരിങ്ങവേര് ഉഷ്ണവീര്യവും, കൃമിഹരവും, മൂത്രവര്‍ധകവും, ആര്‍ത്തവജനകവും, നീര്‍ക്കെട്ട്, വേദന എന്നിവയെ ശമിപ്പിക്കുന്നതിനും ഉത്തമമാണ്.

മുരിങ്ങയുടെ ഔഷധപ്രയോഗങ്ങള്‍

മുരിങ്ങയില അരച്ച് കല്‍ക്കമാക്കി ഒരു ചെറിയ നെല്ലിക്കാ വലിപ്പത്തില്‍ കഴിച്ചാല്‍ രക്താതിമര്‍ദം ശമിക്കും.

രണ്ടു ടീസ്പൂണ്‍ മുരിങ്ങയിലനീര് ലേശം തേന്‍ ചേര്‍ത്ത് സേവിച്ചാല്‍ തിമിരരോഗബാധ അകറ്റാം.
കുറച്ച് മുരിങ്ങയില, രണ്ടോ മൂന്നോ അല്ലി വെളുത്തുള്ളി, അല്‍പം മഞ്ഞള്‍പ്പൊടി, കുരുമുളക്‌പൊടി എന്നിവ അരച്ച് കഴിക്കുന്നത് മോണരോഗങ്ങളെ ചെറുക്കും.

അരിച്ചെടുത്ത മുരിങ്ങയില കഷായം കൊണ്ട് പല പ്രാവശ്യം കണ്ണു കഴുകുന്നത് ചെങ്കണ്ണ് തുടങ്ങിയ നേത്രരോഗങ്ങള്‍ക്ക് ഫലപ്രദമാണ്.

നീര്‍ക്കെട്ടുള്ള ഭാഗങ്ങളില്‍ ഇലയരച്ച് പുറമേ ലേപനം ചെയ്യുന്നതും നന്ന്.

അല്പം നെയ്യ് ചേര്‍ത്ത് പാകപ്പെടുത്തിയ മുരിങ്ങയില കുട്ടികള്‍ക്ക് നല്‍കുന്നത് ശരീരപുഷ്ടികരമാണ്.

പ്രസവശേഷം സ്ത്രീകള്‍ക്ക് മുലപ്പാല്‍ വര്‍ധിക്കുന്നതിനായി മുരിങ്ങയിലത്തോരന്‍ നല്‍കാവുന്നതാണ്.

* പതിവായി മുരിങ്ങയില ഭക്ഷണത്തിലുള്‍പ്പെടുത്തിയാല്‍ ലൈംഗികശേഷി വര്‍ധിക്കും. പൂക്കള്‍ പശുവിന്‍പാല്‍ ചേര്‍ത്ത് തിളപ്പിച്ച് സേവിച്ചാലും ഈ ഫലം ലഭിക്കും.
* മുരിങ്ങക്കായ സൂപ്പ് വെച്ച് കഴിച്ചാല്‍ ശരീരക്ഷീണം കുറയും.
* വൃക്ഷത്തിന്റെ ശിഖരങ്ങളില്‍നിന്നു പൊട്ടി ഒലിച്ചിറങ്ങുന്നതായ പശ എള്ളെണ്ണ ചേര്‍ത്ത് കര്‍ണരോഗങ്ങളില്‍ കര്‍ണപൂരണാര്‍ഥം പ്രയോഗിക്കാം.
* മുരിങ്ങപ്പശ തലവേദനയുള്ളപ്പോള്‍ പശുവിന്‍പാല്‍ ചേര്‍ത്ത് ചെന്നിപ്രദേശത്ത് പുരട്ടുന്നത് ആശ്വാസമേകും.
* മുരിങ്ങക്കുരുവില്‍ നിന്നുമുള്ള എണ്ണ കപ്പലണ്ടി എണ്ണയോടൊപ്പം ചേര്‍ത്ത് പുറമേ പുരട്ടുന്നത് വാതസംബന്ധമായ നീരും വേദനയും കുറയ്ക്കും.
* മുരിങ്ങവേരിന്‍ കഷായം കവിള്‍കൊണ്ടാല്‍ കലശലായ തൊണ്ടവേദന ശമിക്കും. ജ്വരം, വാത രോഗങ്ങള്‍, അപസ്മാരം, ഉന്മാദം, വിഷബാധ എന്നിവയകറ്റാനും ഈ കഷായം സേവിക്കാവുന്നതാണ്.
* മഹോദരം, കരള്‍ രോഗം, പ്ലീഹാരോഗം തുടങ്ങിയവയില്‍ മുരിങ്ങവേരും കടുകും ചേര്‍ത്ത് കഷായം വെച്ച് സേവിക്കുന്നത് ഏറെ ഫലം ചെയ്യും.
* നീര്‍വീക്കത്തില്‍ മുരിങ്ങവേരരച്ച് പുറമേ പുരട്ടുന്നതും ഉത്തമമാണ്.

സവാള

മഹാരാഷ്ട്രയുടെ പാടശേഖരങ്ങളില്‍ നൂറുമേനി വിളഞ്ഞുനില്‍ക്കുന്ന സവാള തൃശ്ശൂരിന്റെ മണ്ണിലും വിളവെടുത്തു. മണ്ണുത്തി കൃഷിവിജ്ഞാന കേന്ദ്രവും ജില്ലയിലെ അഞ്ച് കര്‍ഷകരും ചെയ്ത കൃഷി ഇതിനു തെളിവാണ്. ശീതകാല പച്ചക്കറി കൃഷി വഴി നടത്തി ഇനി ധാരളം സവാള ഉല്പാദിപ്പിക്കുമെന്ന് വെള്ളിയാഴ്ച നടന്ന വിളവെടുപ്പ് സാക്ഷ്യപ്പെടുത്തുന്നു. വെള്ളാനിക്കരയില്‍ ഒരു സെന്റില്‍ ഏകദേശം 200 ഓളം തൈകള്‍ നട്ടിരുന്നു. പൊരിഞ്ഞ വെയിലത്ത് 500 എണ്ണം തൈകള്‍ നട്ടു. രാവിലെ പെരിഞ്ഞനത്ത് നടത്തിയ വിളവെടുപ്പ് ആഘോഷമായിരുന്നു. 500 കടയില്‍ ഏകദേശം 50 കിലോ സവാളയാണ് ലഭിച്ചത്. വെള്ളാനിക്കരയില്‍ 200 കടയില്‍നിന്ന്
25 കിലോ സവാള കിട്ടി. ഒരുകടയില്‍നിന്ന് ശരാശരി 125 ഗ്രാം സവാളയാണ് വിളയുന്നത്. കൃഷി വിജയമയാ സാഹചര്യത്തില്‍ നാട്ടിലെ കര്‍ഷകര്‍ക്ക് സവാളകൃഷി ചെയ്യാനുള്ള സൗകര്യങ്ങള്‍ ലഭ്യമാക്കുമെന്ന് കൃഷിവിജ്ഞാന കേന്ദ്രം തലവന്‍ കോശി എബ്രഹാം പറഞ്ഞു. കൂടുതല്‍ സ്ഥലങ്ങളില്‍ സവാള കൃഷി വ്യാപിപ്പിക്കാനാണ് ശ്രമം. കഴിഞ്ഞവര്‍ഷം നടത്തിയ പരീക്ഷണമാണ് ഇവരെ സവാളയില്‍ കൂടുതല്‍ ഗവേഷണത്തിന് പ്രോത്സാഹിപ്പിച്ചത്. കേന്ദ്രത്തിലെ മറ്റു സ്ഥലങ്ങളില്‍ നടത്തിയ സവാള കൃഷിയുടെ വിളവെടുപ്പ് ഒരാഴ്ചയ്ക്കകം പൂര്‍ത്തിയാകും.

കൃഷി രീതി

'അലിയം സീപ്പ' എന്ന രാസനാമത്തിലുള്ള സവാളയാണ് നാട്ടിലെത്തിയിരിക്കുന്നത്. കറുത്ത് നനുത്ത വിത്തുകളാണ് കൃഷിക്കായി ഉപയോഗിച്ചത്. വിത്തുകള്‍ തവാരണകളില്‍ പാകുന്നതാണ് ഉചിതം. കോമ്പത്തൂരിലെ അഗ്രിഫൗണ്ട് ഡാര്‍ക്ക്‌റെഡ്, ബാംഗ്ലൂരിലെ അര്‍ക്കാകല്യാണ്‍, ഇന്റാം എന്നീ മൂന്നിനങ്ങളാണ് നട്ടത്. 8 ആഴ്ചകൊണ്ട് തൈകളായി. ഒരടി അകലത്തില്‍ എടുത്തിട്ടുള്ള ചാലുകളിലാണ് നട്ടുപിടിപ്പിച്ചത്. ജൈവവളങ്ങള്‍, ട്രൈക്കോസെര്‍ എന്നിവയിടണം. ഇവ മണ്ണുമായി കലര്‍ത്തിയാണ് ചേര്‍ക്കുന്നത്. ഞാറുപോലെ നടാം. ചെടികള്‍ തമ്മില്‍ പത്ത് സെന്റീമീറ്റര്‍ അകലം വേണം. വെള്ളം ആവശ്യമനുസരിച്ച് ഒഴിക്കണം. ആദ്യ ഘട്ടത്തില്‍ നനയ്ക്കുന്നത് വളരെ നല്ലതാണ്. 10 ദിവസം കൂടുമ്പോള്‍ ആദ്യ വളം ചെയ്യണം. രാസവളമോ, പുളിപ്പിച്ച് നേര്‍പ്പിച്ച പിണ്ണാക്ക് ലായനിയോ മറ്റ് ജൈവ വളമോ ഉപയോഗിക്കാം. 10 ദിവസം ഇടവിട്ട് വളം ചെയ്യണം. 10 മുതല്‍ 12 വരെ ഇലകള്‍ വളര്‍ന്നാല്‍ ഭൂകാണ്ഡം രൂപാന്തരപ്പെടും. 5 മുതല്‍ വിളവെടുപ്പ് തുടങ്ങാം. ഒരു തൈയില്‍ ഒരു സവാളയാണ് ഫലം ഉണ്ടാകുന്നത്. 125 ഗ്രാം തൂക്കം വരും. ഒരടി ഉയരത്തിലുള്ള തണ്ടും ഭക്ഷ്യയോഗ്യമാണ്. വിത്തുഉല്പാദനത്തിനും ഇവര്‍ ശ്രമം തുടങ്ങി.

സവാള കൃഷി വ്യാപകം

പെരിഞ്ഞനത്ത് സതീചന്ദ്രഗുപ്തന്‍, മതിലകത്ത് ലത ബാഹുലേയന്‍, കൊടകരയില്‍ ബീന, മാടക്കത്രയില്‍ കുട്ടന്‍, ബാലസുബ്രഹ്മണ്യന്‍, വാസന്തി, നടത്തറയില്‍ ജെസ്സി എന്നിവരും സവാള കൃഷി ചെയ്തു വിജയം കണ്ടവരാണ്. കൃഷിവിജ്ഞാനകേന്ദ്രം 500 തൈകള്‍ വീതമാണ്. കര്‍ഷകര്‍ക്ക് വിതരണം ചെയ്തത്. എല്ലാവരും ഒക്ടോബര്‍ 1ന് വിത്തിട്ടു. നവംബര്‍ അവസാനം തൈകള്‍ നട്ടു. മാര്‍ച്ച് 2 മുതലാണ് വിളവെടുപ്പ് തുടങ്ങിയത്. മഴമറയില്‍ തൈകള്‍ വളരും. സമതല പ്രദേശങ്ങളില്‍ സവാള ആദ്യമായിട്ടാണ് വിളഞ്ഞത്. തണ്ടുകള്‍ ഇലക്കറിയായി ഉപയോഗിക്കാന്‍ സാധിച്ചുവെന്നതാണ് മറ്റൊരു സവിശേഷത.

കൃഷിവിജ്ഞാന കേന്ദ്രം നേതൃത്വം

ഐ.സി.എ.ആര്‍. സാമ്പത്തിക സഹായം നല്‍കിയാണ് കൃഷി വിജ്ഞാന കേന്ദ്രം വിത്തു ഉല്പാദനവും കൃഷി പരീക്ഷണങ്ങളും നടത്തുന്നത്. കാബേജ്, ക്യാരറ്റ്, ബീറ്റ് റൂട്ട്, കോളിഫ്ലവര്‍, റാഡിഷ് എന്നീ വിളകള്‍ ഇവര്‍ കൃഷി ചെയ്തു വിജയിപ്പിച്ചു. തക്കാളി, വഴുതനങ്ങ, പാവല്‍, പയര്‍, വെള്ളരി, മത്തന്‍, കുമ്പളം, തുടങ്ങിയവയെല്ലാം പരീക്ഷണാര്‍ത്ഥത്തില്‍ വിവിധതരം ഇനം വിത്തുകള്‍ കൃഷി ചെയ്തു വരുന്നു. കൃഷിവിജ്ഞാന കേന്ദ്രം തലവന്‍ ഡോ. കോശി എബ്രഹാം, ഡോ. ജലജ എസ്. മേനോന്‍, ഡോ. സീജ തോമാച്ചന്‍, ഡോ. മേരി റെജിന, ഡോ. സാവിത്രി കെ.ഇ., ഫാം മാനേജര്‍ കെ.വി. ബാബു എന്നിവരാണ് ഗവേഷണത്തിന് നേതൃത്വം നല്‍കുന്നത്. 2004ല്‍ പ്രവര്‍ത്തനം തുടങ്ങിയ കേന്ദ്രം 2008 മുതല്‍ ആറുലക്ഷം ടണ്‍ വിത്ത് ഉല്പാദിപ്പിച്ചു. ഹരിതശ്രീ, ഉദ്യാനശ്രീ എന്നീ 24 പേര്‍ അടങ്ങുന്ന വനിതകളുടെ രണ്ടു ഗ്രൂപ്പുകളുടെ നേതൃത്വത്തിലാണ് കൃഷി നടത്തിയത്.

പപ്പായ

സാധാരണക്കാരന്റെ ആപ്പിള്‍ ആണ് പപ്പായ. ആപ്പിളിലുള്ള എല്ലാ പോഷകങ്ങളും മൂലകങ്ങളും പപ്പായ പഴത്തില്‍ സമൃദ്ധമായി അടങ്ങിയിട്ടുണ്ട്. ഔഷധഗുണങ്ങളും പോഷകഗുണങ്ങളും വേണ്ടുവോളമുള്ള ഫലം. ഓമക്കായ, കര്‍മൂസ, കപ്പളങ്ങ, പപ്പയ്ക്കാ, പപ്പരങ്ങ, തോപ്പക്കായ, കൊപ്പക്കായ ഇങ്ങനെ പല പേരുകളില്‍ അറിയപ്പെടുന്നു. സ്വാദിഷ്ടമായ ഭക്ഷണം. ഹണിഡ്യ, വാഷിങ്ടണ്‍ , മെഡഗാസ്കര്‍ , റാഞ്ചി, ബാംഗ്ലൂര്‍ , സിഒ-1, സിഒ-2 എന്നിങ്ങനെ വിവിധ ഇനങ്ങളുണ്ട്. വലിയ ഉയരം വയ്ക്കാത്തതാണ് ഹണിഡ്യ പഴം നീണ്ടിരിക്കും. കഴമ്പിന് നല്ല മാര്‍ദവമുള്ളതാണ്. പേരുപോലെ മധുരമുണ്ടിതിന്. നല്ല മണവുമുണ്ട്. പപ്പായയുടെ ജന്മദേശം

മെക്സികോ ആണെന്ന് ചിലര്‍ പറയുന്നു. അമേരിക്കയുടെ ഉഷ്ണ മേഖലയിലോ വെസ്റ്റ് ഇന്‍ഡീസിലോ ആണ് ഉത്ഭവമെന്ന് കരുതുന്നവരുമുണ്ട്. 16-ാം നൂറ്റാണ്ടില്‍ തെക്കെ അമേരിക്കയില്‍നിന്നാണ് മലാക്ക വഴി ഇന്ത്യയിലെത്തിയതെന്ന് പറയപ്പെടുന്നു. ഇന്ത്യയില്‍നിന്നാണ് പപ്പായ ചൈനയില്‍ എത്തിയത്. തന്മൂലമായിരിക്കണം പപ്പായ ഒരു ഇന്ത്യന്‍ ഫലവൃക്ഷമായി ചൈനക്കാര്‍ കരുതുന്നത്. ഉഷ്ണമേഖലാ പ്രദേശങ്ങളില്‍ ചെറിയ തോതില്‍ കൃഷി ചെയ്യുന്നു. ഏറ്റവും കൂടുതല്‍ പപ്പായയെ ഇഷ്ടപ്പെടുന്നത് ഹവായിയിലുള്ളവരാണ്. ഫലവര്‍ഗങ്ങളില്‍ ഇന്ത്യയില്‍ അഞ്ചാം സ്ഥാനമുണ്ട്. അസം, ബീഹാര്‍ , ഉത്തര്‍പ്രദേശ്, ആന്ധ്ര, ഗുജറാത്ത്, തമിഴ്നാട്, കര്‍ണാടകം, എന്നിവിടങ്ങളില്‍ കൃഷി ചെയ്തുവരുന്നു. അസമും ബീഹാറുമാണ് പപ്പായ കൃഷിയില്‍ മുന്നിട്ടുനില്‍ക്കുന്നത്. വെള്ളക്കെട്ടില്‍ ഇത് വളരില്ല. പച്ചക്കായയുടെ പുറം കീറിയാല്‍ പാലുപോലെ ഒലിച്ചുവരുന്ന ദ്രവം (എന്‍സൈം) മാംസത്തിലെ പ്രോട്ടീനെ (മാംസ്യം) ശിഥിലീഭവിപ്പിച്ച് മാര്‍ദവമുള്ളതാക്കിത്തീര്‍ക്കുന്നു. ഈ എന്‍സൈം പ്രവര്‍ത്തിക്കുന്നത് 140-175 ഫാരന്‍ഹീറ്റില്‍ വേവിക്കുമ്പോഴാണ്. മാംസം ഭക്ഷിച്ചതിനുശേഷമുണ്ടാകുന്ന അസുഖങ്ങള്‍ക്കും ദഹനമില്ലാത്തതിനും പപ്പായപ്പഴം തിന്നാല്‍ മതി. പച്ചക്കായ് രണ്ടു കഷണം ഇറച്ചിയിലിട്ടു വേവിച്ചാല്‍ നല്ലതായി വേകും. പപ്പായ മരത്തിന്റെ വേര് ഒരു നെര്‍വ് ടോണിക്കായും പ്രയോജനപ്പെടുത്തി വരുന്നു. പപ്പായ പഴമായും പച്ചക്കറിയായും ഉപയോഗിക്കുന്നു. ദഹനശക്തി വര്‍ധിപ്പിക്കും. പ്രാതലിന് പപ്പായ ഉള്‍പ്പെടുത്തിയാല്‍ ദഹനത്തേയും ശോധനയേയും സഹായിക്കും. പഴത്തില്‍നിന്നെടുക്കുന്ന സിറപ്പും വൈനും ദഹനത്തിന് ഒരു ശമന ഔഷധമായും ടോണിക്കായും ഉപയോഗിക്കുന്നു. മനുഷ്യശരീരത്തിന് ആവശ്യമായ ധാതുലവണങ്ങളുടെയും വിറ്റാമിനുകളുടെയും പോഷക പദാര്‍ഥങ്ങളുടെയും നിറകുടമെന്ന് വിശേഷിപ്പിക്കാം. പ്രോട്ടീന്‍ , കാര്‍ബോ ഹൈഡ്രേറ്റ്, ഇരുമ്പ്, കാത്സ്യം, ഫോസ്ഫറസ്, വിറ്റാമിന്‍ എ, ബി, ബി2, സി, ജി എന്നിവ പപ്പായയിലുണ്ട്. 88% വെള്ളമാണ്. പപ്പായയുടെ എല്ലാ ഭാഗങ്ങളും ഔഷധത്തിന് ഉപയോഗിക്കുന്നു. വിശപ്പില്ലാത്തവര്‍ക്ക് പപ്പായ ഉത്തമ സുഹൃത്താണ്. "കാപ്പസയിഡ്" എന്ന ആല്‍ക്കലോയിഡ് ഇലയിലുള്ളതിനാല്‍ സന്ധിവേദന, ഞരമ്പു വേദന, ഞരമ്പുതളര്‍ച്ച, എന്നിവയ്ക്ക് ഫലപ്രദമാണ്. ദീപനം, കാഴ്ചശക്തി, ബുദ്ധിശക്തി, രക്തവര്‍ധന, എല്ലിനും പല്ലിനും ബലം നല്‍കല്‍ , മാലിന്യവിസര്‍ജനം, പ്രമേഹം, മലബന്ധം, ദഹനക്കുറവ്, മൂലക്കുരു, പല്ലുവേദന, ആര്‍ത്തവശുദ്ധി, ആമാശയശുദ്ധി, എന്നിയ്ക്കെല്ലാം ഉത്തമം. ഗുണമേന്മയുടെ കാര്യത്തില്‍ അഗ്രഗണ്യന്‍ . പ്രത്യേക പരിചരണമില്ലാതെ തൊടികളിലെല്ലാം വളരുന്നു. മെഴുക്കുപുരട്ടിക്കു മുതല്‍ മീന്‍കറിക്കുവരെ ഉപയോഗിക്കാം. പപ്പായ ചേര്‍ത്തുണ്ടാക്കുന്ന ഉണക്കമീന്‍ കറിയുടെ സ്വാദ് വിശേഷപ്പെട്ടതാണ്. നല്ലപോലെ പഴുത്ത പപ്പായ കൊണ്ട് ജാം, ജെല്ലി, അച്ചാര്‍ , മര്‍മ്മലൈസ്, പഴസത്തുക്കള്‍ , എന്നിവ ഉണ്ടാക്കാം. ഈസ്റ്റിന്‍ഡീസില്‍ പാതി പഴുത്ത കായ് മുറിച്ച് പഞ്ചസാരയിലിട്ട് ജലാംശം വരുന്നതു വരെ വേവിച്ച് പായസവും (പുഡിങ്) ഉണ്ടാക്കാറുണ്ട്. പപ്പക്ക, ഓറഞ്ച്, കൈതച്ചക്ക എന്നിവകൊണ്ട് ഫ്രൂട്ട് സാലഡ് ഉണ്ടാക്കാറുണ്ട്. ഇലയിലും തണ്ടിലും കായ്കളിലും എല്ലാം ഒരുതരം കറയുണ്ട്. പാലുപോലുള്ള ഈ കറയില്‍ പപ്പെയിന്‍ എന്ന എന്‍സൈം അടങ്ങിയിരിക്കുന്നു. വളരെയേറെ ഉപയോഗമുണ്ടിതിന്. കുടല്‍ വൃണങ്ങള്‍ , ഡിഫ്ത്തീരിയ, ക്യാന്‍സര്‍ , എന്നിവയുടെ ശമനത്തിന് സഹായിക്കും. തൊലിക്കുള്ള രോഗങ്ങള്‍ക്കും നന്ന്. വ്യവസായപരമായ പ്രാധാന്യമുണ്ടിതിന്. മാംസം ടിന്നിലാക്കുന്ന വ്യവസായം, ബിയര്‍ നിര്‍മാണം, തുകല്‍ ഊറയ്ക്കിടുക, ഔഷധനിര്‍മാണം, കമ്പിളിത്തുണി നിര്‍മാണം, ചൂയിംഗം നിര്‍മാണം, തുടങ്ങിയ വ്യവസായങ്ങള്‍ക്ക് പപ്പെയിന്‍ ആവശ്യമാണ്. സിലോണ്‍ , വെസ്റ്റിന്‍ഡീസ്, കരീബിയന്‍ ദ്വീപുകള്‍ , ടാന്‍സാനിയ എന്നിവിടങ്ങളില്‍ വ്യവസായാടിസ്ഥാനത്തില്‍ പപ്പയിന്‍ നിര്‍മിക്കുന്നുണ്ട്. പൊടി രൂപത്തിലാണ് വിപണനം. ആഹാര പദാര്‍ഥങ്ങളുമായി ചേര്‍ത്ത് കഴിക്കാവുന്ന ഔഷധ പ്രയോഗങ്ങള്‍ താഴെ ചേര്‍ക്കുന്നു. അര്‍ശസ്: പപ്പായ ധാരാളം ഭക്ഷിച്ചാല്‍ അര്‍ശസിന് ആശ്വാസം ലഭിക്കും. അഴുക്കുകളയാന്‍ : പപ്പായ മരത്തിന്റെ ഇലയോ പച്ചക്കായയുടെ കഷണമോ തുണി കഴുകുമ്പോള്‍ വെള്ളത്തിലിട്ടാല്‍ അഴുക്ക് നല്ലതുപോലെ ഇളകി വരും. എന്നാല്‍ തുണിയിലെ ചായം ഇളകുകയുമില്ല. ആസ്തമ: ഉണങ്ങിയ ഇലകൊണ്ട് ചുരുട്ടുണ്ടാക്കി കത്തിച്ച് വലിച്ചാല്‍ ആശ്വാസം ലഭിക്കും. ആര്‍ത്തവം: പച്ചപപ്പായ കുരുവും കറയും കളയാതെ ഇടിച്ചു പിഴിഞ്ഞ നീര് ഒരു ഔണ്‍സ് വീതം ദിവസവും രണ്ടുനേരം കഴിച്ചാല്‍ ആര്‍ത്തവം സുഗമമാവും. മുടങ്ങിയും വേദനയോടുകൂടിയുള്ള ആര്‍ത്തവത്തിന് ഓമക്കായ് കുരു ഉള്‍പ്പെടെ ഇടിച്ചു പിഴിഞ്ഞ നീര് ഒരു ഔണ്‍സ് വീതം രണ്ടു നേരം കഴിക്കുക. പച്ചക്കായ് സൂപ്പുവച്ചു കുടിച്ചാല്‍ ആര്‍ത്തവ വേദനയ്ക്ക് ശമനം കിട്ടും. അധിക ആര്‍ത്തവത്തിനും ഇത് നന്ന്. കരള്‍ : പച്ചക്കായയുടെ സൂപ്പ് കരള്‍ സംബന്ധമായ അസുഖങ്ങള്‍ക്ക് നന്ന്. കാഴ്ചശക്തി: 100 ഗ്രാമില്‍ 2500 വിറ്റമിന്‍ "എ" ഉള്ളതിനാല്‍ ധാരാളം ഭക്ഷിച്ചാല്‍ കാഴ്ച ശക്തി അധികകാലം നിലനില്‍ക്കുന്നതാണ്. കണ്ണുകളുടെ ആരോഗ്യവും കാഴ്ച ശക്തിയും പപ്പായ സ്ഥിരമായി കഴിച്ചാല്‍ വര്‍ധിക്കും. കൃമി: മൂപ്പു കുറഞ്ഞ പപ്പായ 15 ദിവസം തുടര്‍ച്ചയായി വെറും വയറ്റില്‍ ഭക്ഷിച്ചാല്‍ കൃമി ശമിക്കും. വിത്ത് അരച്ചുകൊടുത്താല്‍ കൃമി നശിക്കും. ചിരങ്ങ്: പപ്പക്കായുടെ കുരുക്കള്‍ അരച്ച് തൊലിപുറത്ത് കുറച്ചുകാലം പുരട്ടിയാല്‍ ശമിക്കും. പല്ലുവേദന: ഇടയ്ക്കിടക്ക് പപ്പായ ഭക്ഷിച്ചുകൊണ്ടിരുന്നാല്‍ പല്ലു വേദന വരുകയില്ല. പ്രമേഹം: പപ്പായ തുടര്‍ച്ചയായി ഭക്ഷിച്ചാല്‍ ശമിക്കും. പ്രമേഹ രോഗികള്‍ക്ക് ആവശ്യമായ വിറ്റാമിന്‍ "സി"യുടെ കുറവ് പപ്പായ തിന്നാല്‍ പരിഹരിക്കും. മുഖസൗന്ദര്യം: പഴുത്ത പപ്പായ ഉടച്ച് മുഖത്ത് പുരട്ടി 20 മിനിറ്റ് കഴിഞ്ഞ് ആദ്യം ചൂടു വെള്ളത്തിലും പിന്നീട് തണുത്ത വെള്ളത്തിലും കഴുകുക. കുറച്ചുനാള്‍ പതിവാക്കിയാല്‍ മാര്‍ദവവും മിനുസവും ഭംഗിയും കിട്ടും. പൗഡര്‍ ഉപയോഗിക്കരുത്. മുഖത്തെ ചുളിവും മാറും. മുഖക്കുരുവും നശിക്കും. പച്ച പപ്പായയും മഞ്ഞളും അരച്ച് മുഖത്ത് പുരട്ടി അരമണിക്കുര്‍ കഴിഞ്ഞ് കഴുകുക. തുടര്‍ച്ചയായി ചെയ്താല്‍ മുഖസൗന്ദര്യം വര്‍ധിക്കും. പാല് (കറ) കൂടിയാല്‍ പൊള്ളാന്‍ സാധ്യതയുണ്ട്).

കടപ്പാട് : ലേഖനം തയ്യാറാക്കിയ സുഭദ്രാദേവി ചിദംബരന്‍