Friday, January 23, 2015

മത്തൻ

പന്തലിലല്ലാതെ നിലത്ത് പടർത്തിവളർത്തുന്ന ഒരു പച്ചക്കറിയിനമാണ്‌ മത്തൻഅഥവാ മത്തങ്ങ.(ശാസ്ത്രീയനാമം: Cucurbita maxima ). ജീവകം എ കൂടുതലായി അടങ്ങിയതും വെള്ളരിവർഗ്ഗത്തിൽ പെട്ടതുമായ ഒരു പച്ചക്കറിയാണ്‌. വലിപ്പത്തിലും രൂപത്തിലും സ്വാദിലും വ്യത്യസ്തതയുള്ള വളരെയധികം മത്തൻ ഇനങ്ങൾ ഉണ്ട്. നാടൻ ഇനങ്ങൾ മുതൽ കാർഷിക ഗവേഷണഫലമായി അത്യുത്പാദനശേഷിയുള്ള മികച്ച വിത്തിനങ്ങൾ വരെയുണ്ട്. വിളവെടുപ്പിനുശേഷം വളരെക്കാലം സൂക്ഷിച്ച് വയ്ക്കാൻ കഴിയും എന്നുള്ളതാണ്‌ മത്തൻറെ പ്രത്യേകതയായിട്ടുള്ളത്. ചെടിയിൽ ഉണ്ടാവുന്ന കായ മത്തൻ കായ അഥവാ മത്തങ്ങ എന്നറിയെപ്പെടുന്നു. ഇത് പല വലിപ്പത്തിലും രുചിയിലും ഉണ്ട്. ഇതിന്റെ തളിരില കറി വയ്ക്കാൻ വളരെ നല്ലതാണ്.

കൃഷിരീതി

മത്തൻ കൃഷിചെയ്യുന്നതിനായി തിരഞ്ഞെടുക്കുന്ന സ്ഥലം നല്ലതുപോലെ കിളച്ച്, കളകൾ മാറ്റി തീയിട്ടതിനുശേഷം മഴക്കാലത്ത് കൂന കൂട്ടിയും വേനൽക്കാലത്ത് തടം എടുത്തുമാണ്‌ കൃഷിചെയ്യുന്നത്. രണ്ട് മീറ്റർ ഇടയകലം നൽകി വരികൾ തമ്മിൽ നാലര മീറ്റർ അകലത്തിൽ നിർമ്മിക്കുന്ന തടങ്ങളിൽ വിത്തുകൾ നടാം. കുഴികളിൽ പച്ചിലവളമോ ചാണകമോ മേൽമണ്ണുമായി കലർത്തി ഒരു തടത്തിൽ നാലോ അഞ്ചോ വിത്തുകൾ നടാൻ സാധിക്കും. വിത്ത് മുളച്ചുവന്നതിനുശേഷം ബലമുള്ള രണ്ടോ മൂന്നോ തൈകൾ ഒഴികെ ബാക്കിയുള്ളവ പിഴുതുമാറ്റണം. വേനൽക്കാലത്ത് തടങ്ങളിൽ തണലിനായും ഈർപ്പം നിലനിർത്തുന്നതിനുമായും പുതയിടേണ്ടതാണ്‌.

ഈ വിധത്തിലല്ലാതെ മണ്ണും മണലും ചാണകവുമായി കൂട്ടിക്കലർത്തി പോളിത്തീൻ കവറുകളിലും വിത്തുകൾ നടാം. ഇങ്ങനെ നടുന്ന വിത്തുകൾ മുളച്ച് രണ്ടില പരുവമാകുമ്പോൾ കവർ പൊട്ടിച്ച് വേര്‌ പൊട്ടാതെ ഉണ്ടാക്കപ്പെട്ടിട്ടുള്ള തടങ്ങളിലേക്ക് മാറ്റി നടാവുന്നതാണ്‌.

കീടം /രോഗം

മത്തനെ ആക്രമിക്കുന്ന പ്രധാന കീടമാണ്‌ കായകളെ ആക്രമിക്കുന്ന കായീച്ച. ഈ കീടം കായകളെ പൂവിട്ടുകഴിയുമ്പോൾ തന്നെ നശിപ്പിക്കുന്നു. ഇതിനെതിരെയുള്ള രാസകീടനാശിനിയായ മാലത്തിയോൺ രണ്ട് മില്ലി ഒരു ലിറ്റർ വെള്ളത്തിൽ നേർപ്പിച്ച് തളിക്കുക. അല്ലെങ്കിൽ പഴക്കെണി വഴിയും കായീച്ചകളെ നശിപ്പിക്കാം.

മത്തൻ ചെടിയെ ആക്രമിക്കുന്ന പ്രധാന രോഗമാണ്‌ മൊസൈക്ക്. ഇതിനെതിരെ മുൻകരുതലായി മത്തൻ ചെടിയുടെ പരിസരം വൃത്തിയായി സൂക്ഷിക്കുക, കള നിയന്ത്രിക്കുക എന്നിവയാണ്‌

പൂവുകൾ

മത്തൻ പുവിടുമ്പോൾ തന്നെ ആൺ പൂവും പെൺ പൂവും തിരിച്ചറിയാം. പെൺ പുവാണെങ്ങിൽ, പൂവിന് താഴെ ചെറിയ മത്തങ്ങയുടെ ചെറിയ രൂപമുണ്ടാകും. കുറെ കഴിയുമ്പോൾ പെൺ പൂവ് കൊഴിഞ്ഞുപോകുകയും മത്തങ്ങ വലുതായി പാകമാകുകയും ചെയ്യും. ആൺ പൂവിൽ മത്തങ്ങയുണ്ടാകുകയില്ല. ആൺ പൂവ് പറിച്ച് തോരനുണ്ടാക്കി കഴിക്കാവുന്നതാണ്...

ഉൽപ്പന്നങ്ങൾ

    മത്തൻ സൂപ്പ്
    മത്തൻ കറികൾ
    മത്തൻ ക്വാഷ്

ഇനങ്ങൾ

നാടൻ ഇനങ്ങൾക്ക് പുറമേ, കേരള കാർഷിക സർവ്വകലാശാലയിൽ വികസിപ്പിച്ചെടുത്ത അമ്പിളി, സുവർണ്ണ, സരസ്, സൂരജ് തുടങ്ങിയവയും; അർക്കാസൂര്യമുഖി, അർക്ക ചന്ദ്രൻ എന്നീ ബാംഗ്ലൂർ ഇനങ്ങളും; കോ-1, കോ-2 തുടങ്ങിയ തമിഴ്നാട് ഇനങ്ങളും, നാഷണൽ സീഡ്സ് കോർപ്പറേഷൻ വിപണനം ചെയ്യുന്ന പൂസാവിശ്വാസ്, യെല്ലോ ഫ്ലഷ്, സോളമൻ, ബഡാമി എന്നീ ഇനങ്ങളിലുമുള്ള അത്യുത്പാദനശേഷിയുള്ള മത്തൻ വിത്തിനങ്ങൾ ലഭ്യമാണ്‌.

No comments:

Post a Comment